പാർശ്വവൽക്കൃതരെ സ്നേഹത്തോടെ ചേർത്തുപിടിക്കണം: മുഖ്യമന്ത്രി
സമൂഹത്തിൽ പ്രയാസമനുഭവിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ടവരെയും സങ്കടപ്പെടുന്നവരെയും സ്നേഹത്തോടെ ചേർത്തുനിർത്താൻ വിദ്യാർഥികൾ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അവർക്ക് സാമ്പത്തിക സഹായം നൽകാൻ സാധിച്ചില്ലെങ്കിൽപ്പോലും ആശ്വാസമേകുന്ന ഒരു നല്ല വാക്ക് പറയാൻ കഴിയുന്നത് വലിയ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ 2024-2026 കാലയളവിലെ ചീഫ് മിനിസ്റ്റർ ഷീൽഡ് അവാർഡ് വിതരണം നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസ്നേഹമുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കുന്നതിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നത്തെ പ്രധാന വെല്ലുവിളിയായ ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ സമൂഹം ഒന്നിച്ച് നിൽക്കണം. കുട്ടികളെ ലഹരിവലയിലാക്കാൻ ശ്രമിക്കുന്ന മാഫിയകൾക്കെതിരെ ജാഗ്രത പാലിക്കണം.
വിദ്യാർഥികൾക്കിടയിൽ ജനാധിപത്യ മൂല്യങ്ങൾ വളർത്തുന്നതിനൊപ്പം പ്രകൃതിയുടെയും മനുഷ്യന്റെയും ആരോഗ്യം ഒന്നാണെന്ന വൺ ഹെൽത്ത് ആശയത്തിന് പ്രാധാന്യം നൽകണം. സ്വന്തം നേട്ടങ്ങളിൽ അഹങ്കരിക്കാതെ ആത്മവിശ്വാസത്തോടെ ടീമായി പ്രവർത്തിച്ച് നേതൃപാടവം തെളിയിക്കാനും പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാനും വിദ്യാർഥികളോട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
ഇന്നത്തെ ക്ലാസ് മുറികളാണ് നാളത്തെ നാടിന്റെ ഭാവിയും നേതൃത്വവുമെന്ന് ചടങ്ങിൽ അധ്യക്ഷനായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. കേവലം പാഠങ്ങൾ പഠിച്ച് പരീക്ഷ എഴുതി മാർക്ക് വാങ്ങുന്നത് മാത്രമല്ല വിദ്യാർഥി ജീവിതം. ജീവിതത്തെ കൂടുതൽ മനസ്സിലാക്കാനും വ്യക്തിത്വത്തിന്റെ അടിത്തറ ശക്തിപ്പെടുത്താനും പാഠ്യേതര പ്രവർത്തനങ്ങൾ അത്യാവശ്യമാണ്. സമൂഹത്തിന് വേണ്ടി തങ്ങളാൽ കഴിയുന്നത് ചെയ്യണമെന്ന ബോധ്യം വിദ്യാർഥികളിൽ നട്ടുവളർത്താൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിലെ പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്നും ഈ അച്ചടക്കവും അനുഭവങ്ങളും ജീവിതത്തിലുടനീളം വ്യക്തിത്വത്തിന് തിളക്കം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
പരിപാടിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അരുൺ കെ വിജയൻ, കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ് സെക്രട്ടറി ഡോ. അബ്ദുറഹൂഫ് വി, കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെൽ സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. അസീം, വാർഡ് മെമ്പർ കെ ആർ ക്ലീറ്റസ് തുടങ്ങിയവർ സംബന്ധിച്ചു.
English
മലയാളം
01 Oct, 2026
30 Sep, 2026
30 Sep, 2026
23 Sep, 2026