ഓണക്കാഴ്ച്ചകൾക്ക് വിട: സമാപന ഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു
സംസ്ഥാന സർക്കാരിന്റെ ഓണം - ടൂറിസം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.
ലോക് ഭവന്റെ മുന്നിൽ പ്രത്യേകം സജീകരിച്ച വേദിയിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരൻ, സി.പി. ജോൺ, റോജി എം ജോൺ, ബിന്ദു കൃഷ്ണ, കെ. എ. തുളസി, മേയർ വി. വി. രാജേഷ് തുടങ്ങിയവർ സന്നിഹിതരായി.
ഉപരാഷ്ട്രപതിക്ക് ഗവർണറും മുഖ്യമന്ത്രിയും ഉപഹാരങ്ങൾ സമ്മാനിച്ചു. ഫ്ലാഗ് ഓഫിനു ശേഷം എല്ലാവരും വേദിയിലിരുന്നു വർണാഭമായ ഘോഷയാത്ര ആസ്വദിച്ചു.
എം. വിൻസെന്റ് എം എൽ എ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ. ബിജു, ജില്ലാ കളക്ടർ അനു കുമാരി, മുതിർന്ന ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവരും പങ്കുചേർന്നു.
വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ അണിനിരന്ന നിശ്ചലദൃശ്യങ്ങൾ, ഇതര സംസ്ഥാനക്കാരുടേത് ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന കലാരൂപങ്ങൾ, ട്രാൻസ്ജെൻഡർ വിഭാഗത്തിലെ കലാകാരന്മാരുടെ പ്രകടനങ്ങൾ അടങ്ങിയ ഘോഷയാത്ര വേദിയിലുള്ളവർക്കും ജനക്കൂട്ടത്തിനും കാഴ്ചയുടെ വിസ്മയമായി.
കേരളത്തിന്റെ വളർച്ചയും പാരമ്പര്യവും സംസ്‌കാരവും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും അനാവരണം ചെയ്ത 69 ഓളം ഫ്ലോട്ടുകളും ഇൻസ്റ്റലേഷനുകളുമാണ് വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ അണിനിരന്നത്. നാടൻ കലകളും തനത് രൂപങ്ങളും ഉൾപ്പെടെ 99 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി. പുലികളി, ഗരുഡൻ പറവ, മുത്തപ്പൻ തെയ്യം തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ ഘോഷയാത്രയെ വ്യത്യസ്തമാക്കി. തമിഴ്നാട്, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള കലാസംഘങ്ങളും ഘോഷയാത്രയിൽ പങ്കെടുത്തു.
ലോക് ഭവന്റെ മുന്നിൽ നിന്നാരംഭിച്ച ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പി.എം.ജി., പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയിൽ സമാപിച്ചു.
ഓണം വാരാഘോഷം സമാപനഘോഷയാത്ര ദൃശ്യവിരുന്നായി
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള വർണാഭമായ സാംസ്‌കാരിക ഘോഷയാത്ര തലസ്ഥാന നഗരിയിൽ കാഴ്ചയുടെ വിരുന്നൊരുക്കി. മുഖ്യമന്ത്രി വി ഡി സതീശൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വൈകിട്ട് അഞ്ചിന് ലോക്ഭവന് സമീപത്തു നിന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്ക് സമീപത്തെ വിവിഐപി പവലിയനിൽ മന്ത്രിമാരായ പി സി വിഷ്ണുനാഥ്, ടി സിദ്ദിഖ്, ചാണ്ടി ഉമ്മൻ എം എൽ എ, സിനിമാ നടൻ ആസിഫ് അലി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദേശ വിനോദസഞ്ചാരികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ സമാപനഘോഷയാത്ര ആസ്വദിക്കാനെത്തി.
ഘോഷയാത്രയിൽ വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 69 ഫ്‌ലോട്ടുകളും 99 കലാരൂപങ്ങളും അണിനിരന്നു. കേരളത്തിന്റെ പൈതൃകം, സംസ്‌കാരം, വികസനം, സ്ത്രീ ശാക്തീകരണം, ആരോഗ്യം, ശാസ്ത്രീയ പുരോഗതി തുടങ്ങി വിവിധ വിഷയങ്ങൾ ഫ്‌ലോട്ടുകളിൽ അവതരിപ്പിച്ചു.
കേരളത്തിന്റെ തനത് കലാരൂപങ്ങൾക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപ്രകടനങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. ജമ്മു കാശ്മീർ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും പ്രാദേശിക കലാസംഘങ്ങളുടെ പ്രകടനങ്ങളും അരങ്ങേറി. സ്‌കേറ്റിംഗ് അംഗങ്ങളുടെ അഭ്യാസപ്രകടനങ്ങളും തെയ്യം, കളരിപ്പയറ്റ്, ചെണ്ടമേളം, ബാന്റ്‌മേളം, ആശ്വാരൂഡ സേനാ മാർച്ച്, റോളർ സ്‌കേറ്റിങ് തുടങ്ങിയ പ്രകടനങ്ങളും ജനശ്രദ്ധ നേടി. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് പരിസ്ഥിതി സൗഹൃദമായാണ് സമാപനഘോഷയാത്ര നടന്നത്.
English
മലയാളം
23 Sep, 2026
22 Sep, 2026
21 Sep, 2026
18 Sep, 2026