സർക്കാരിനെ നയിക്കുന്നത് ഗുരുദർശനം: മുഖ്യമന്ത്രി
ഗുരുദേവ ദർശനം ഉൾക്കൊണ്ടു കൊണ്ടുള്ള ഭരണമാകും ഈ സർക്കാർ കാഴ്ച വെയ്ക്കുകയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വർക്കല ശിവഗിരിയിൽ 99ാമത് ശ്രീ നാരായണ ഗുരു സമാധി ദിനാചരണത്തിന്റെയും ഒരു വർഷം നീണ്ടു നിൽക്കുന്ന സമാധി ശതാബ്ദി ആചരണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശ്രീ നാരായണ ഗുരുവിന്റെ മഹാസമാധി മന്ദിരത്തിലെത്തി മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തി.
ജാതിമത ചിന്തകളിൽ നിന്നും പിന്തിരിപ്പൻ ആശയങ്ങളിൽ നിന്നും കേരളത്തെ മാറ്റി നിർത്താനുള്ള ശ്രീ നാരായണ ഗുരുവിന്റെ പോരാട്ടം ഈ സർക്കാർ തുടരും. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ഗുരുദേവ ചിന്ത കേരളത്തിന്റെയാകെ മതമായി മാറിയതാണ്. കേരളത്തിന്റെ മതേതര മനസ്സിന് വിത്ത് പാകിയത് ശ്രീ നാരായണ ഗുരുവാണ്. നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തി, കേരളത്തെ മുന്നോട്ട് നയിച്ചത് ഗുരുവാണെന്ന് വിശ്വസിക്കുന്ന ശ്രീ നാരായണീയനാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുദർശനം നമ്മുടെ പൈതൃകമാണെന്നും നമ്മൾ അതിന്റെ പിന്തുടർച്ചാവകാശികളാണെന്നും എല്ലാ മലയാളികളും തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജീവിതം ഒരേ സമയം സമരോത്സുകവും ആധ്യാത്മികവും ആക്കിയ വ്യക്തിത്വമാണ് ശ്രീ നാരായണ ഗുരുവിന്റേതെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. ഇന്നത്തെ കേരളത്തിന്റെ മാനവീയകതയ്ക്ക് അടിത്തറ പാകിയത് ഗുരുവാണെന്നും അദ്ദേഹം അനുസ്മരിച്ചു.
സമാധി ദിനാചാരണത്തോട് അനുബന്ധിച്ചുള്ള സമ്മേളനത്തിൽ ശ്രീ നാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി ശുഭംഗാനന്ദ സ്വാഗതം ആശംസിച്ചു. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി ശാരദാനന്ദ, സ്വാമി നവ്യാനന്ദ, എം എൽ എ മാരായ വി ജോയ്, വിദ്യ ബാലകൃഷ്ണൻ, വർക്കല നഗരസഭ അധ്യക്ഷ ഗീത ഹേമചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.
English
മലയാളം
23 Sep, 2026
22 Sep, 2026
18 Sep, 2026
18 Sep, 2026