കേരള നോളജ് വാലി: ഗവേഷണത്തിനും സ്റ്റാർട്ടപ്പുകൾക്കും പുതിയ ആവാസവ്യവസ്ഥ
  • 29 Jun, 2026

കേരള നോളജ് വാലി: ഗവേഷണത്തിനും സ്റ്റാർട്ടപ്പുകൾക്കും പുതിയ ആവാസവ്യവസ്ഥ

കേരള നോളജ് വാലി പദ്ധതിയുടെ ഭാഗമായി ഗവേഷണം, നവീകരണം, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവയെ സമന്വയിപ്പിച്ചുള്ള ലോകോത്തര വിജ്ഞാന-നവീകരണ ആവാസവ്യവസ്ഥ സംസ്ഥാനത്ത് രൂപീകരിക്കും. ഗവേഷണത്തെ വ്യവസായ വികസനത്തിനും തൊഴിൽസൃഷ്ടിക്കും സാമ്പത്തിക വളർച്ചയ്ക്കും പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അത്യാധുനിക ഗവേഷണ പാർക്കുകൾ, മികവിന്റെ കേന്ദ്രങ്ങൾ (Centres of Excellence), സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സൗകര്യങ്ങൾ, വ്യവസായ-അക്കാദമിക് സഹകരണ ശൃംഖല എന്നിവ പദ്ധതിയുടെ പ്രധാന ഘടകങ്ങളായിരിക്കും. ഗവേഷണ നേട്ടങ്ങളെ സ്റ്റാർട്ടപ്പുകളായും സാങ്കേതികവിദ്യകളായും വ്യവസായ സംരംഭങ്ങളായും മാറ്റുന്നതിനുള്ള സമഗ്ര പിന്തുണാ സംവിധാനം ഒരുക്കും.

പദ്ധതി യാഥാർഥ്യമാകുന്നതോടെ യുവ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും സംരംഭകർക്കും ആഗോള നിലവാരത്തിലുള്ള പഠന-ഗവേഷണ, സംരംഭകത്വ അവസരങ്ങൾ ലഭ്യമാകും. നിക്ഷേപം ആകർഷിക്കുന്നതിനും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും കേരള നോളജ് വാലി നിർണായക പങ്കുവഹിക്കും.