പ്രധാന ഉള്ളടക്കത്തിലേക്ക് | |

കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ്

ഫ്ലാഗ്ഷിപ്പ് പദ്ധതികൾ

സംസ്ഥാനത്തുടനീളമുള്ള ജനങ്ങളുടെ ക്ഷേമത്തിനും സേവനങ്ങൾക്കുമായി നടപ്പിലാക്കുന്ന പദ്ധതികളും പരിപാടികളും.

മിഷൻ സമുദ്ര
ഫ്ലാഗ്ഷിപ്പ് പദ്ധതികൾ

മിഷൻ സമുദ്ര

പദ്ധതിയുടെ വിശദരൂപം

2026-27 ലെ പുതുക്കിയ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച മിഷൻ സമുദ്ര, കേരളത്തെ ആഗോള സമുദ്ര-സാമ്പത്തിക ശക്തികേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള ₹400 കോടി രൂപയുടെ കേരള സർക്കാർ പദ്ധതിയാണ്. അഞ്ച് വർഷത്തെ ദർശനത്തിന്റെ ഭാഗമായി, സംസ്ഥാനത്തിന്റെ 600 കിലോമീറ്റർ നീളമുള്ള തീരപ്രദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, കണ്ടെയ്നർ ടെർമിനലുകൾ, ജലഗതാഗത ശൃംഖലകൾ എന്നിവയെ ഏകോപിപ്പിച്ച് ഒരു സമഗ്ര തുറമുഖ നഗരമായി (Port City) വികസിപ്പിക്കുകയാണ് ലക്ഷ്യം.

കേരളത്തിന്റെ സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക, ആഗോള വ്യാപാര-ലോജിസ്റ്റിക്‌സ് കേന്ദ്രമായി സംസ്ഥാനത്തെ ഉയർത്തുക, നിക്ഷേപങ്ങൾ ആകർഷിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. തുറമുഖ വികസനം, ജലഗതാഗതം, ലോജിസ്റ്റിക്‌സ്, വ്യവസായ വളർച്ച, തീരദേശ വികസനം എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്ക് പുതിയ ദിശ നൽകുന്നതാണ് മിഷൻ സമുദ്ര.

പദ്ധതിയുമായി ബന്ധപ്പെട്ട വാർത്തകൾ

പദ്ധതിയുമായി ബന്ധപ്പെട്ട തത്സമയ വാർത്തകളും അറിയിപ്പുകളും.

വിഴിഞ്ഞത്ത് പോർട്ട് സിറ്റി; നിക്ഷേപത്തിനും തൊഴിലിനും പുതിയ കേന്ദ്രം
29 Jun 2026
വിഴിഞ്ഞത്ത് പോർട്ട് സിറ്റി; നിക്ഷേപത്തിനും തൊഴിലിനും പുതിയ കേന്ദ്രം

മിഷൻ സമുദ്രയുടെ ഭാഗമായി വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻഷിപ്മെന്റ് ടെർമിനലിനെ കേന്ദ്രീകരിച്ച് ലോകോത്തര പോർട്ട് സിറ്റി വികസിപ്പിക്കും. തുറമുഖത്തെ ആസ്പദമാക്കി ലോജിസ്റ്റിക്സ്, വ്യവസായം, വ്യാപാരം, മാരിടൈം സേവനങ്ങൾ, അനുബന്ധ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ സമന്വയിപ്പിച്ചുള്ള വികസന മാതൃകയാണ് സർക്കാർ നടപ്പാക്കുന്നത്.റോഡ്, റെയിൽ, ഉൾനാടൻ ജലഗതാഗത ശൃംഖലകളുമായി വിഴിഞ്ഞത്തെ ബന്ധിപ്പിക്കുന്നതിലൂടെ ചരക്കുനീക്കം കൂടുതൽ കാര്യക്ഷമമാക്കും. പദ്ധതിയിലൂടെ ദേശീയ-അന്തർദേശീയ നിക്ഷേപം ആകർഷിക്കപ്പെടുകയും ലോജിസ്റ്റിക്സ്, മാരിടൈം സേവനങ്ങൾ, വ്യവസായം, സേവനമേഖല എന്നിവയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.കേരളത്തെ ആഗോള മാരിടൈം-ലോജിസ്റ്റിക്സ് ഹബ്ബായും നീല സമ്പദ്‌വ്യവസ്ഥയുടെ പ്രധാന കേന്ദ്രമായും ഉയർത്തുന്നതിൽ പോർട്ട് സിറ്റി വികസനം നിർണായക പങ്കുവഹിക്കും.

നോൺ-മേജർ തുറമുഖങ്ങളുടെ വികസനത്തിന് മിഷൻ സമുദ്ര; ജലഗതാഗത ശൃംഖല ശക്തിപ്പെടുത്തും
29 Jun 2026
നോൺ-മേജർ തുറമുഖങ്ങളുടെ വികസനത്തിന് മിഷൻ സമുദ്ര; ജലഗതാഗത ശൃംഖല ശക്തിപ്പെടുത്തും

മിഷൻ സമുദ്രയുടെ ഭാഗമായി സംസ്ഥാനത്തെ നോൺ-മേജർ തുറമുഖങ്ങളുടെ വികസനത്തിനും ഏകീകൃത ജലഗതാഗത ശൃംഖലയുടെ വിപുലീകരണത്തിനും സർക്കാർ മുൻഗണന നൽകും. വിഴിഞ്ഞം–കോവളം, കൊല്ലം, ബേപ്പൂർ, അഴീക്കൽ ഉൾപ്പെടെയുള്ള തുറമുഖങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ ആധുനികവത്കരിക്കുന്നതിനൊപ്പം, മാരിടൈം ടൂറിസം, ലോജിസ്റ്റിക്സ്, മാരിടൈം വിദ്യാഭ്യാസം, തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്ര കേരള മാരിടൈം പോളിസി രൂപീകരിക്കും.സംസ്ഥാനത്തെ പ്രധാനവും ചെറുതുമായ തുറമുഖങ്ങളെ ഉൾനാടൻ ജലപാതകളുമായി ബന്ധിപ്പിച്ച് ഘട്ടംഘട്ടമായി ഏകീകൃത ജലഗതാഗത ശൃംഖല വികസിപ്പിക്കും. ആദ്യഘട്ടത്തിൽ ചരക്ക് ഗതാഗതത്തിനും തുടർന്ന് യാത്രാസേവനങ്ങൾക്കും മുൻഗണന നൽകും. ഇതിലൂടെ ചരക്കുനീക്കം കൂടുതൽ കാര്യക്ഷമമാകുകയും ഗതാഗതച്ചെലവ് കുറയുകയും ചെയ്യും.പദ്ധതി യാഥാർഥ്യമാകുന്നതോടെ തീരദേശ മേഖലകളിൽ പുതിയ നിക്ഷേപം ആകർഷിക്കപ്പെടുന്നതിനും തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ, വിനോദസഞ്ചാരം, ലോജിസ്റ്റിക്സ്, മത്സ്യബന്ധനം, അനുബന്ധ സേവനമേഖലകൾ എന്നിവയിൽ തൊഴിൽസാധ്യതകൾ വർധിക്കുന്നതിനും വഴിയൊരുങ്ങും. നീല സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി തീരദേശ മേഖലകളുടെ സമഗ്ര വികസനത്തിനും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും മിഷൻ സമുദ്ര പുതിയ ഊർജം പകരും.

വിഴിഞ്ഞം കേന്ദ്രീകരിച്ച് ആഗോള മാരിടൈം-ലോജിസ്റ്റിക്സ് ഹബ്
29 Jun 2026
വിഴിഞ്ഞം കേന്ദ്രീകരിച്ച് ആഗോള മാരിടൈം-ലോജിസ്റ്റിക്സ് ഹബ്

മിഷൻ സമുദ്രയുടെ ഭാഗമായി വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻഷിപ്മെന്റ് ടെർമിനലിനെ ആഗോള നിലവാരത്തിലുള്ള മാരിടൈം-ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കും. തുറമുഖത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനൊപ്പം ബാലരാമപുരം–വിഴിഞ്ഞം ഭൂഗർഭ റെയിൽ പദ്ധതിയും വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിംഗ് റോഡും ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനവും നടപ്പാക്കും.ഗ്രീൻ ബങ്കറിംഗ് സേവനം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ വികസിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. കപ്പൽ നിർമ്മാണം, അറ്റകുറ്റപ്പണി, ലോജിസ്റ്റിക്സ്, മാരിടൈം സേവനങ്ങൾ, തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ എന്നിവയ്ക്ക് പ്രോത്സാഹനം നൽകുന്നതിലൂടെ വൻ നിക്ഷേപവും പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ദേശീയ-അന്തർദേശീയ സമുദ്രവ്യാപാര ശൃംഖലയിൽ കേരളത്തിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതി നിർണായകമാകും.